"സാമുദായിക ഐക്യം എന്നെ കൈവശപ്പെടുത്തിയ സമയത്ത്, ഞാൻ പന്ത്രണ്ട് വയസുള്ള ഒരു കുട്ടിയായിരുന്നു." ഹിന്ദുക്കളും മുസ്ലീങ്ങളും പാർസികളും തമ്മിലുള്ള ‘സൗഹൃദം’ ബാല്യകാല സ്വപ്നമായി കൊണ്ടുനടന്ന ഗാന്ധിജി ഒരിക്കൽ പറഞ്ഞു.
ഒരു ഇംഗ്ലീഷുകാരൻ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 1885ൽ ബോംബെയിലെ പ്രഥമ പ്രസിഡന്റായി ഒരു ഹിന്ദു സ്ഥാനമേറ്റു. 1886ൽ കൊൽക്കത്തയിൽ ഒരു പാർസി, 1887ൽ മദ്രാസിൽ ഒരു മുസ്ലീം, ഒരു 1888ൽ അലഹബാദിലെ ഇംഗ്ലീഷുകാരൻ എന്നിങ്ങനെ സ്ഥാനം കൈമാറിയത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല. തുടർന്നുള്ള വർഷങ്ങളിൽ സാംസ്കാരിക ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും ഏകീകരണമാണ് ഈ രീതി തുടർന്നതിലൂടെ അടയാളപ്പെടുത്തിയത്.
ത്യാഗവും നിസ്വാർഥതയും മാത്രമാണ് സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ശാശ്വതസത്യം എന്ന് മനസ്സിലാക്കി പ്രവത്തിക്കാൻ നാഷണൽ കോൺഗ്രസ് സ്ഥാപകൻ അലൻ ഒക്ടാവിയൻ ഹ്യൂം ഇന്ത്യയിലെ യുവാക്കളെ ഉപദേശിച്ചു.
സാംസ്കാരിക ബഹുവചനം, ഐക്യം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പോർബന്തറുകാരനായിരുന്ന ഗാന്ധിജി ബാരിസ്റ്ററാകാൻ ഇംഗ്ലണ്ടിലേക്ക് പോകുന്നതിനുമുമ്പ് പരിശുദ്ധമായ ജീവിതം നയിക്കുമെന്ന് അമ്മയുടെ കാൽക്കൽ മുട്ടുകുത്തി വാഗ്ദാനം നൽകി. രണ്ട് പതിറ്റാണ്ടിലേറെ കാലം അഭിഭാഷകനായി ഗാന്ധിജി ജോലിചെയ്ത ദക്ഷിണാഫ്രിക്കയിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന അപമാനങ്ങളും ശാരീരിക ആക്രമണങ്ങളും അദ്ദേഹത്തെ അനിയന്ത്രിതവും വംശീയവുമായ അധികാരികൾക്കെതിരായ പ്രസ്ഥാനം രൂപികരിക്കാൻ പ്രാപ്തനാക്കി. 1906 അദ്ദേഹത്തിന്റെ ജീവിതത്തിലും ആധുനിക ലോക ചരിത്രത്തിലും ഒരു വഴിത്തിരിവായി മാറി.
ദക്ഷിണാഫ്രിക്കയിലാണ് സത്യാഗ്രഹം ജനിച്ചത്. “ഒരു വാൾ എടുത്തില്ല, തോക്കുപയോഗിച്ചില്ല, അസമത്വത്തെ പരാജയപ്പെടുത്തുന്നതിൽ ഗാന്ധിജി പ്രകടിപ്പിച്ച ധീരത സമാന്തരമില്ലാത്തതാണ്. ” - രാമചന്ദ്ര ഗുഹ ഒരു കന്നഡ വാരികയിൽ ഉദ്ധരിച്ചു. അതിന്റെ ശക്തി അത്തരത്തിലുള്ളതായിരുന്നു. നിങ്ങൾ ഞങ്ങൾക്കൊരു ന്യായാധിപനെ തന്നു. ഞങ്ങൾ നിങ്ങൾക്ക് മഹാത്മയെ തന്നു- അദ്ദേഹം പറഞ്ഞു.
ഭൂമിയിലെ ഏറ്റവും ശക്തമായ ഉപകരണം എന്നാണ് ഗാന്ധിജി സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്. മഹാത്മാഗാന്ധി മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ ഇന്ത്യ മുഴുവനായും താറുമാറായിരുന്നു. ബ്രിട്ടന്‍റെ നീരാളി പിടിത്തത്തിൽ പെട്ട് വിയർപ്പുമുട്ടിയിരുന്ന ദശലക്ഷക്കണക്കിന് നാട്ടുകാരെ വിദേശ ഭരണത്തിന്റെ നുകത്തിൽ നിന്നും ചൂഷണത്തിൽ നിന്നും അനീതിയിൽ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
സത്യാഗ്രഹം, അഹിംസ, സ്നേഹം എന്നീ ആയുധങ്ങളാണ് അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നത്. അറബ് കവിയായ മിഖായേൽ നോയിമയെ ഉദ്ധരിച്ച് രാജ്മോഹൻ ഗാന്ധി ഒരിക്കൽ പറഞ്ഞു- ഗാന്ധിജിയുടെ കൈയ്യിലെ മുള്ളിന് വാളിനേക്കാൾ മൂർച്ചയുണ്ട്; ഗാന്ധിയുടെ നേർത്ത ശരീരം പൊതിയുന്ന ലളിതമായ വെള്ള വസ്ത്രം ഒരു തോക്കുകൾക്കും തുളച്ച് കയറാൻ കഴിയാത്ത കവചമാണ്; ഗാന്ധിയുടെ ആടിന് ബ്രിട്ടീഷിന്റെ സിംഹത്തേക്കാൾ ശക്തിയുണ്ട്”. റോമൻ റോളണ്ട് അതിശയകരമായി സംഗ്രഹിച്ചപോലെ ബാക്കിയുള്ളത് ചരിത്രമാണ്: “മഹാത്മാഗാന്ധി മുന്നൂറ് ദശലക്ഷം പേരെ സ്വരൂപിച്ചു, ബ്രിട്ടീഷ് സാമ്രാജ്യം ഇളക്കി മറിച്ചു, രണ്ടായിരത്തോളം വർഷങ്ങത്തിനിടയിൽ ലോകം കണ്ട ഏറ്റവും ശക്തമായ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ”
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയും പ്രതീകമായിരുന്നു ഗാന്ധിജി. വ്യക്തി ജീവിതത്തിൽ പോലും ആവശ്യമായി തോന്നിയപ്പോൾ ബന്ധുക്കളോട് പോലും ക്ഷമ ചോദിച്ച അവസരങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കോപവും പ്രതിഷേധവുമുള്ള തന്റെ മകനോട് ഒരിക്കൽ അദ്ദേഹം സൗമ്യമായി പറഞ്ഞു “നിന്റെ പിതാവ് നിന്നോട് തെറ്റ് ചെയ്തതായി നിനക്ക് തോന്നിയെങ്കിൽ നീ ക്ഷമിക്കുക”- അദ്ദേഹം തന്റെ മകനോട് പറഞ്ഞ വാചകമാണിത്.
ഇംഗ്ലണ്ടിൽ നിന്നുള്ള ചില ക്രിസ്ത്യൻ മിഷനറിമാർ തങ്ങളുടെ ഇന്ത്യൻ സന്ദർശന വേളയിൽ സേവാഗ്രാമിൽ വെച്ച് ക്രിസ്തുവിനെ കണ്ടതായി പറയുകയുണ്ടായി. അദ്ദേഹത്തെ ബുദ്ധനോടും ക്രിസ്തുവിനോടും ഉപമിച്ചതിൽ അതിശയിക്കാനില്ല.
അധികാരത്തിനായുള്ള മോഹം, സമ്പത്തിനായുള്ള അനന്തമായ അത്യാഗ്രഹം, അക്രമം, അഴിമതി, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം എന്നിവ വേട്ടയാടുന്ന ഇന്നത്തെ ലോകത്ത് മനുഷ്യരാശിയെ വേട്ടയാടുന്ന ചോദ്യം ഭാവിയെ കുറിച്ചുള്ള ആശങ്കയാണ്.
മഹാത്മാഗാന്ധി നൽകിയ പാരമ്പര്യത്തിലാണ് ഇതിന്റെ ഉത്തരം സ്ഥിതിചെയ്യുന്നത്. ഗാന്ധിജിയും അദ്ദേഹത്തിന്റെ സന്ദേശങ്ങളും ഇരുട്ടിന്റെ നടുവിൽ പ്രകാശമാണ്. കിംഗ്സ്ലി മാർട്ടിൻ ഒരിക്കൽ പറഞ്ഞു: “സത്യവും സ്നേഹവും കൊണ്ട് ദുരിതം, ക്രൂരത, അക്രമം എന്നിവ ഇനിയും മറികടക്കാനാകുമെന്ന മനുഷ്യ വിശ്വാസത്തിന്‍റെ സാക്ഷിയായി ഗാന്ധിയുടെ ജീവിതവും മരണവും തുടരും ”.
- എ. പ്രസന്ന കുമാർ