ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍. "ഇന്നത്തെ ഇരകള്‍ അവരാണ്, നാളെ അത് നമ്മളാകാം. ജെഎൻയുവിലെ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ നിൽക്കുന്നു," പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥിനിയായ റൈസ പറഞ്ഞു. ഓക്‌സ്‌ഫോർഡ്, കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ജെഎന്‍യു വിദ്യാർഥികളുടെ സുരക്ഷ ആവശ്യപ്പെട്ട് മാർച്ചുകൾ നടത്തി.
ഞായറാഴ്ച നടന്ന വ്യാപക അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖം മൂടി സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റും എസ്‌എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു.