ഗുവാഹത്തി: ഒരു മാസത്തിനിടെ അസമിലെ നാല് ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കം 34,000 പേരെ ബാധിച്ചതായും വെള്ളപ്പൊക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അധികൃതർ.
കിഴക്കൻ ആസാമിലെ ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, ചിരംഗ് ജില്ലകളിലെ 109 ഗ്രാമങ്ങളിലുള്ള 34,000 ത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്ന് എ.എസ്.ഡി.എം.എ അധികൃതർ അറിയിച്ചു. ഏതാണ്ട് 4,200 ഹെക്ടർ വിളനിലങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.
മുൻ വർഷങ്ങളെപ്പോലെ, ആഗസ്റ്റ് ആദ്യ വാരം വരെ 22 ജില്ലകളിലായി 113 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. മറ്റ് 22 പേർ വിവിധ ഇടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു.
കാസിരംഗ നാഷണൽ പാർക്ക് ഉൾപ്പെടെയുള്ള വിവിധ പാർക്കുകളിലെ 18 കാണ്ടാമൃഗങ്ങളും 135 വന്യമൃഗങ്ങളുമാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ചത്തത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജോയിന്‍റ് സെക്രട്ടറി സന്ദീപ് പൗണ്ട്രിക്കിന്‍റെ നേതൃത്വത്തിലുള്ള ആറ് അംഗ സംഘം കഴിഞ്ഞ മാസം അസം സന്ദർശിച്ചിരുന്നു.