ബെംഗളൂരു: ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ പാപപ്പെട്ടവര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്‌ത് കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണമായി ഗതാഗതം നിര്‍ത്തിയതോടെ പാലിന്‍റെ വില്‍പനയും വിതരണവും മുടങ്ങി. പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംസ്ഥാനത്തെ വിവിധ പ്രദേശത്തെ ചേരിയില്‍ താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. 69 ലക്ഷം ലിറ്റര്‍ പാല്‍ ദിവസേന ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42 ലക്ഷം ലിറ്റര്‍ പാലാണ് ഉല്‍പാദിപ്പിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പ് വരുത്തും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ ഹോപ്‌കോംസ് ഏറ്റെടുത്ത് വില്‍പന നടത്തും. നിലവില്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ ലഭ്യതക്ക് ക്ഷാമമില്ല. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ട്രെയില്‍ മാര്‍ഗം സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കും. കൊയ്‌ത്ത് മുതലായ പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും പുതിയതായി അരി മില്ലുകളും ഡാല്‍ മില്ലുകളും സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിതല പ്രത്യേക യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.