ശ്രീനഗർ: ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അധികൃതർ അറിയിച്ചു. തുടർനടപടികൾക്കായി തീവ്രവാദികളുടെ മൃതദേഹം ബരാമുള്ളയിലേക്ക് അയച്ചു. ഷോപ്പിയാൻ പൊലീസ് നൽകിയ വിവരമനുസരിച്ച് രാഷ്‌ട്രീയ റൈഫിൾസ് ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഉമർ ധോബി, റയീസ് ഖാൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഷോപ്പിയാനിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലും, പൊലീസ് സുരക്ഷാ സേനക്ക് നേരെ നിരവധി തവണ വെടിവെപ്പ് നടത്തിയ സംഭവങ്ങളിലും ധോബി ഉൾപ്പെട്ടിട്ടുണ്ട്. അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനായി ബരാമുള്ളയിലെ തീവ്രവാദികളുടെ ബന്ധുക്കളോട് മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടിയ സ്ഥലത്ത് നിന്ന് ആയുധങ്ങൾ, വെടിയുണ്ടകൾ ഉൾപ്പെടെയുള്ള വസ്‌തുക്കൾ കണ്ടെടുത്തു. ഷോപ്പിയാൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഞായറാഴ്‌ച ഷോപ്പിയാനിലെ റെബാൻ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.