അമരാവതി: ആന്ധ്രപ്രദേശിലെ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രകാശം അണക്കെട്ടിലെ ജലം തുറന്ന് വിടുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വിജയവാഡയിലെ പ്രകാശം അണക്കെട്ടിൽ കൃഷ്‌ണ നദി കരകവിഞ്ഞൊഴുകുകയാണ്.
സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിലേക്ക് വലിയ അളവിലാണ് ജലം എത്തുന്നത്. അതിനാൽ ജലനിരപ്പ് വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അണക്കെട്ടിലെ 70 ഗേറ്റുകൾ വകുപ്പ് ഉയർത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അണക്കെട്ടിലേക്ക് ഒരു ലക്ഷത്തിലധികം ക്യുസെക് വെള്ളം പ്രതീക്ഷിക്കുന്നതായി ശനിയാഴ്‌ച കൃഷ്‌ണ ജില്ലാ കലക്‌ടർ എ.എം. ഇംതിയാസ് അറിയിച്ചിരുന്നു.
നിലവിൽ 82,000 ക്യുസെക് വെള്ളം അണക്കെട്ടിൽ എത്തിയിട്ടുണ്ട്. 10,000 ക്യുസെക് വെള്ളം കനാലുകൾ വഴി തുറന്ന് വിട്ടു. ഇനിയും അണക്കെട്ടിലേക്ക് ജലം എത്താനുള്ള സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കലക്‌ടർ പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും കൺട്രോൾ റൂമുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.