ജജ്പൂർ: ഒഡീഷയിലെ ജജ്പൂർ ജില്ലയിൽ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കാൻ നിര്‍ദേശിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. കൊവിഡ് -19 ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി കുവാഖിയ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ മനോജ് കുമാർ സ്വെയ്ൻ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ശനിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.
സുൽത്താൻ ഖാൻ (23), റബാനി ഖാൻ (24), ഗുഫ്രാൻ ഖാൻ (22), അബ്ദുൾ സലാം ഖാൻ (55) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ പ്രാദേശിക കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാജ്പൂർ ജില്ലയിലെ റസൂൽപൂർ ബ്ലോക്കിൽ ശനിയാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുവാഖ പൊലീസ് മൂന്ന് പേരെ മുമ്പ് അറസ്റ്റുചെയ്തിരുന്നു.