മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ആശിഷ് ഷെല്ലർ. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. ഫട്നാവിസ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ ഫട്‌നാവിസ് സർക്കാർ സുസ്ഥിരവും ശക്തവുമായ ഭരണം കാഴ്ച്ച വെക്കും. ഫട്‌നാവിസിനൊപ്പം അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത് ജനങ്ങളില്‍ പ്രതീക്ഷയും സന്തോഷവും ഉണ്ടാക്കിയിട്ടുണ്ട്. ഗവർണർ ഭഗത് സിങ് കോഷിയാരി നവംബർ 30 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും ഷെല്ലർ കൂട്ടിചേർത്തു.
ഇരുട്ടിന്‍റെ മറവിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾ ആർഎസ്എസ് പ്രവർത്തകരാണ്. രാവിലെ ആറ് മണിക്ക് ശാഖയില്‍ പങ്കെടുക്കാറുണ്ട്. പുലർകാലം ശുഭകാര്യങ്ങൾക്ക് നല്ലതാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്‌ട്രാ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് സംസാരിക്കുകയായിരുന്നു ആശിഷ് ഷെല്ലർ.