ഹൈദരാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തെലങ്കാന മുൻ മന്ത്രി ഗുട്ട മോഹൻ റെഡ്ഡിക്കെതിരെ കേസെടുത്തു. റെഡ്ഡിയുടെ അധീനതയിലുള്ള സ്ഥലത്ത് കനാലിന് സ്ഥലമെടുത്ത കരാറുകാരനെയും ജെസിബി ഡ്രൈവറെയുമാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
1959 ലെ ആയുധനിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നൽഗൊണ്ട ജില്ലയിലെ ചിറ്റാല മണ്ഡലത്തിലെ ഉറുമഡ്‌ല ഗ്രാമത്തിൽ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കനാലിന് വേണ്ടി മണ്ണ് മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഗുട്ട മോഹൻ റെഡ്ഡിയുടെ 820 ചതുരശ്രയടിയുള്ള സ്ഥലം കനാൽ നിർമാണത്തിനായി സംസ്ഥാന സർക്കാർ വാങ്ങിയതായും സ്ഥലത്തിന്‍റെ തുക നഷ്ടപരിഹാരമായി ഗുട്ടക്ക് നൽകിയതായും പൊലീസ് പറഞ്ഞു.