ന്യൂഡൽഹി: ലോക്ക് ഡൗൺ കാരണം മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 24 നടത്താൻ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ലോക്ക് ഡൗൺ കാരണം മാറ്റിവെക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് (4), ഗുജറാത്ത് (4), ജാർഖണ്ഡ് (2), മധ്യപ്രദേശ് (3), രാജസ്ഥാൻ (3), മണിപ്പൂർ (1), മേഘാലയ(1) എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് മാസത്തിനുശേഷം നടന്ന ആദ്യത്തെ വെർച്വൽ ഇതര യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫെബ്രുവരിയില്‍ 17 സംസ്ഥാനങ്ങളിലേക്കുള്ള 55 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് മാസത്തില്‍ തന്നെ 37 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടന്നു. പിന്നീട് അവശേഷിക്കുന്ന 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിവച്ചു. ഭരണഘടന അനുശ്ചേതം 324 അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
അതേസമയം കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനെന്നും ഇതിനായി ചീഫ് സെക്രട്ടറിമാർ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.