ന്യൂഡല്‍ഹി: മിസോറാമില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മിസോറാമിലെ ചമ്പെയ്‌ക്ക് സമീപമാണ് അനുഭവപ്പെട്ടത്. ഇന്നു രാവിലെ 11.16നാണ് ഭൂചലനം ഉണ്ടായത്. ചമ്പെയില്‍ നിന്നും 29 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. അസമിലെ കര്‍ബി അങ്‌ലോങില്‍ റിക്‌ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അലിഗഡിലും ഇന്ന് പുലര്‍ച്ചെ 6.02ന് റിക്‌ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പര്‍വതപ്രദേശമായ ഈ വടക്കു കിഴക്കന്‍ പ്രദേശത്ത് കഴിഞ്ഞ 18 ദിവസത്തിനിടെ നിരവധി ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വടക്കു കിഴക്കന്‍ മേഖല ലോകത്തിലെ ആറാമത്തെ ഭൂകമ്പ സാധ്യതാ പ്രദേശമാണെന്നാണ് സീസ്‌മോളജിസ്റ്റുകള്‍ പറയുന്നത്. ഇതിന് മുന്‍പ് ചമ്പെയ്, സായിച്വല്‍,സെര്‍ചിപ് എന്നീ മൂന്ന് ജില്ലകളിലായി ജൂണ്‍ 18നും 24നും ഇടയില്‍ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജൂണ്‍ 22 ന് ചമ്പെയ് മേഖലയിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും മ്യാന്‍മര്‍ അതിര്‍ത്തിയിലും റിക്‌ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.