മുംബൈ: ശിവസേനയെ ഭയപ്പെടുത്താന്‍ ശ്രമിക്കണ്ടെന്ന് ബി.ജെ.പിയോട് ശിവസേന എം.പി സഞ്ജയ് റാവത്ത്. തങ്ങളുടെ രാഷ്‌ട്രീയ പാത സ്വയം തെരഞ്ഞെടുക്കുമെന്നും ശിവസേന എം.പി കൂട്ടിച്ചേര്‍ത്തു. പോരാടാനും മരിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഭീഷണികളോ തന്ത്രങ്ങളോ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അമിത് ഷാ നടത്തിയ പരാമര്‍ശത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ശിവസേനയുടെ മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്ന് ശിവസേന ആവര്‍ത്തിച്ചു പറഞ്ഞിട്ടു കൂടിയും ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്ന് സഞ്ജയ് റാവട്ട് പറയുന്നു.
മുഖ്യമന്ത്രി പദവിയടക്കം അധികാരത്തില്‍ തുല്യപങ്കാണ് ശിവസേനയ്ക്കുള്ളതെന്ന് പ്രസിഡന്‍റ് ഉദ്ദവ് താക്കറെയും വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെ അമിത് ഷായും ഫഡ്‌നാവിസും തള്ളിക്കളയുകയാണുണ്ടായതെന്നും ഫലത്തില്‍ താക്കറെ നുണയനായി ചിത്രീകരിക്കപ്പെടുകയാണുണ്ടായതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ക്കുന്നു. തീരുമാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കാതിരിന്നത് എന്തുകൊണ്ടാണെന്നും റാവത്ത് ചോദിക്കുന്നു. ലീലാവതി ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് സഞ്ജയ് റാവത്ത്.