ലക്‌നൗ: പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവരെ പിടികൂടാൻ 'കൊവിഡ്-19 സ്‌മാർട്ട് അലെർട്ട് ഉപകരണം' കണ്ടുപിടിച്ചു. വാരാണസി സ്വദേശി ശ്യാം ചൗരസ്യയാണ് ഉപകരണം കണ്ടുപിടിച്ചത്. ആരെങ്കിലും നിയമം ലംഘിച്ചാൽ ഉപകരണത്തിന്‍റെ സഹായത്തോടെ അലാറം മുഴങ്ങുകയും പൊലീസ് സ്റ്റേഷനിൽ കോൾ വഴി വിവരം ലഭിക്കുകയും ചെയ്യും.
ലോക്ക് ഡൗൺ സമയത്ത് നിയമം നടപ്പിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ ഒന്നിൽ കൂടുതൽ ആളുകൾ നിൽക്കുന്നത് കണ്ടാൽ സെൻസറിലൂടെ അലാറം മുഴങ്ങുകയും, ഉപകരണത്തിൽ ഘടിപ്പിച്ചിട്ടുള്ള സിം കാർഡിലൂടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കോൾ വഴി വിവരം അറിയിക്കുകയും ചെയ്യുമെന്ന് ചൗരസ്യ ഉപകരണത്തെക്കുറിച്ച് പറഞ്ഞു. 2,000 മുതൽ 2500 രൂപ വരെയാണ് ഉപകരണത്തിന്‍റെ വില. അലെർട്ട് ഉപകരണം തന്‍റെ പ്രദേശത്ത് വിജയകരമായി പ്രവർത്തിപ്പിക്കാൻ സാധിച്ചുവെന്നും ചൗരസ്യ പറഞ്ഞു. ശ്യാം ചൗരസ്യ ഇതിനുമുമ്പ് ലിപ്സ്റ്റിക്ക് തോക്ക്, ബുള്ളറ്റ് ഫയറിംഗ് കമ്മലുകൾ തുടങ്ങിയ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട്.