ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്‌പുത്തിന്‍റെ മരണം എല്ലാവരെയും വല്ലാതെ ഞെട്ടിച്ചു. ബോളിവുഡ് താരങ്ങൾ മുതൽ അദ്ദേഹത്തിന്‍റെ ആരാധകർ വരെ, ആത്മഹത്യയുടെ കാരണം തേടി രംഗത്തെത്തി. വിഷാദമെന്ന മാനസികാസ്വാസ്ഥ്യത്തിന്‍റെ കൂടുതൽ സങ്കീർണമായി വശങ്ങൾ ചുരുളഴിഞ്ഞു. പണവും പേരും പെരുമയും ഒരാളെയും ജീവിത വിജയത്തിലേക്ക് നയിക്കുന്നില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് സുശാന്ത് സിങ് രജ്പുത്തിന്‍റെ ജീവിതം. സന്തോഷവും സമാധാനവും മാനസിക ഉല്ലാസവും വിലയ്ക്കെടുക്കാനാവില്ലെന്ന സത്യം മറ നീക്കി പുറത്തുവന്നു. ഈ സത്യം നമ്മേ നയിക്കേണ്ടത് ഒരു തിരിച്ചറിവിലേക്കാണ്... വിഷാദരോഗമെന്ന ആരും അധികം ശ്രദ്ധ നൽകാൻ താൽപര്യം കാണിക്കാത്ത ഒരു മാനസികാവസ്ഥയിലേക്കാണ്... സുശാന്തിന്‍റെ മരണശേഷം പലരും, പ്രത്യേകിച്ച് യുവതലമുറ സോഷ്യൽ മീഡിയയിൽ മാനസികരോഗത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ ആത്മഹത്യയ്ക്ക് ശേഷം ദേശീയ തലത്തിൽ ഉയർന്നു വന്ന പ്രധാന ചർച്ചാ വിഷയമാണ് വിഷാദ രോഗവും അനുബന്ധ പ്രശ്നങ്ങളും. മാനസികാരോഗ്യ പ്രശ്നങ്ങളാൽ ജീവനൊടുക്കിയവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഈ നിശബ്ദ കൊലയാളിയെ നേരിടാൻ ശരിയായ സംവിധാനം ഇല്ലാതെ കഴിയില്ലായെന്നതും ആശങ്ക ഉയർത്തുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 90 ദശലക്ഷത്തിലധികം ഇന്ത്യക്കാർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നു. ഓരോ ഏഴ് ഇന്ത്യക്കാരിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ പ്രവണത 1990 മുതൽ ഏകദേശം ഇരട്ടിയായി വർധിച്ചു. 2016 മുതൽ 15നും 39നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കിടയിൽ പ്രധാന മരണ കാരണം ആത്മഹത്യയാണ്. 1990 മുതൽ 2017 വരെ, വിഷാദം, ഉത്കണ്ഠ മുതൽ സ്കീസോഫ്രീനിയ പോലുള്ള ഗുരുതരമായ മാനസികാവസ്ഥകൾ വരെ ഇന്ത്യൻ യുവാക്കളെ വേട്ടയാടുന്നതായി കണക്കുകൾ പറയുന്നു.
മാനസികാരോഗ്യ സംരക്ഷണത്തിനായി ഇന്ത്യ വളരെ കുറച്ച് മാത്രമേ ചിലവഴിക്കുന്നുള്ളു. 2019 സാമ്പത്തിക വർഷത്തിൽ, ദേശീയ മാനസികാരോഗ്യ പദ്ധതിക്ക് (എൻഎംഎച്ച്പി) അനുവദിച്ച ബജറ്റ് 18 കോടിയിൽ നിന്ന് 40 കോടി രൂപയായി കുറച്ചിരുന്നു. 2020 ബജറ്റിലും എൻഎംഎച്ച്പിക്കുള്ള വിഹിതം വർധിപ്പിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഓരോ 100,000 ആളുകൾക്കും മൂന്ന് മാനസികാരോഗ്യ വിദഗ്ദർ ഉണ്ടായിരിക്കണം. എന്നാൽ ഇന്ത്യയിൽ ഓരോ 100,000 ആളുകൾക്കും ഒരു ഡോക്ടർ മാത്രമാണുള്ളത് എന്നതാണ് വാസ്തവം. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളാണ് കൂടുതല്‍ പേരെയും ബാധിച്ചിരിക്കുന്നത്. ഏകദേശം 45.7 ദശലക്ഷം പേര്‍ക്ക് വിഷാദവും, 44.9 ദശലക്ഷം പേര്‍ക്ക് ഉത്ക്കണ്ഠ സംബന്ധമായ അസുഖവും ബാധിച്ചതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് രാജ്യത്തിന്‍റെ ജനസംഖ്യയുടെ 14.5 ശതമാനം പേരും മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഇതില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് ചികിത്സ തേടിയിട്ടുള്ളത്.
നിഷ്‌ക്രിയതയിലെത്തിക്കുന്ന ചിത്തസ്ഥിതിയായ വിഷാദം വ്യക്തിയുടെ ചിന്ത, പെരുമാറ്റം, വികാരങ്ങൾ, സ്വസ്ഥജീവിതത്തെക്കുറിച്ചുള്ള ബോധം തുടങ്ങിയവയെയെല്ലാം ബാധിക്കും. കേരളത്തിലെ വിഷാദരോഗാവസ്ഥയെപ്പറ്റി ഗൗരവമായി ആലോചിക്കേണ്ടതും അതുകൊണ്ടാണ്. കേരളീയർക്കിടയിലെ വിഷാദരോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ച് പഠനങ്ങൾ മുന്നറിയിപ്പുതരുന്നുണ്ട്.
കഴിഞ്ഞ നാല് ദിവസത്തെ (14 മുതൽ 18 വരെ) കണക്കുകൾ പരിശോധിച്ചാൽ ഈ ദിവസങ്ങളിൽ നിരവധി ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇന്ത്യയിൽ ആത്മഹത്യ നിരക്കിൽ മുന്നിൽ നിൽക്കുന്നതും സാക്ഷര കേരളമാണെന്നത് ഞെട്ടിക്കുന്ന സത്യം മാത്രം. സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സയ്ക്കെത്തുന്നവരിൽ 27.2 ശതമാനം പേരും വിഷാദരോഗമുള്ളവരാണെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. വിഷാദബാധിതരിൽ 5.9 ശതമാനം പേർ ഒരിക്കലെങ്കിലും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ളവരാണെന്ന ഞെട്ടിക്കുന്ന സത്യം കൂടി തിരിച്ചറിയേണ്ടതുണ്ട്.
കഴിഞ്ഞ നാല് ദിവസങ്ങൾ മാത്രം കണക്കിലെടുത്താൽ ഒമ്പത് പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങളും പഠന ഭാരവുമാണ് കേരളീയരിൽ പലരെയൂം ആത്മഹത്യയിലേക്ക് നയിച്ചത്. അതേസമയം, വിഷാദ രോഗത്തിന്‍റെ ഇരകളാണ് പശ്ചിമ ബംഗാളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചവർ. ഒറ്റപ്പെടലും വിഷാദവും ജീവൻ അവസാനിപ്പിക്കുക എന്ന കൃത്യത്തിലേക്ക് ആറ് പേരെ തള്ളിവിട്ടു.
ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ സമൂഹവും വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ സങ്കീർണത, വ്യക്തികളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. വ്യാപകമായ ഉപഭോഗസംസ്കാരവും പൊതുജീവിതത്തിലെ മൂല്യച്യുതിയുമാണ് ഇതിന് മുഖ്യകാരണം. വളരുന്ന തലമുറ ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ നേരിടാനും അവയെ അതിജീവിക്കാനും കഴിവില്ലാത്തവരായി മാറുന്നു എന്നതും ചിന്തിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ സത്യമാണ്.