ഡൽഹി : കോവിഡ് -19 കേസുകളുടെ വർദ്ധനവ് തുടരുകയാണെങ്കിൽ ജൂലായ് അവസാനത്തോടെ ഡൽഹിയിൽ 80,000 കിടക്കകൾ ആവശ്യമായി വരുമെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽജി) അനിൽ ബൈജാൽ.
ദേശീയ തലസ്ഥാനത്തെ നിലവിലെ കൊവിഡ് -19 ന്‍റെ സ്ഥിതി ചർച്ച ചെയ്യുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷമാണ് ബൈജാൽ ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 15 നകം കൊവിഡ് ചികിത്സക്കായി ഡൽഹിയിൽ മൊത്തം 13,771 കിടക്കകളുണ്ടാകും. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ജൂലായ് അവസാനത്തോടെ 80,000 കിടക്കകൾ ആവശ്യമായി വരും. അതിനായി താൽക്കാലിക സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങൾ തിരിച്ചറിയാൻ നിർദ്ദേശങ്ങൾ നൽകിയതായി അനിൽ ബൈജാൽ പറഞ്ഞു. കൊവിഡ് വ്യാപനം കുറക്കുന്നതിനുള്ള സാധ്യതകളും മെഡിക്കൽ സൗകര്യങ്ങളുടെ ആവശ്യകതകളും മുൻകൂട്ടി അറിയാൻ രണ്ട് വിദഗ്ധ സമിതികൾ രൂപീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വിരുന്ന് ഹാളുകൾ, വിവാഹ ഹാളുകൾ മുതലായവ ഉപയോഗിക്കുക എന്നതാണ് പദ്ധതി. മിക്ക രോഗികൾക്കും ഐസിയുവിനേക്കാൾ ഓക്സിജൻ ഉള്ള കിടക്കകളാണ് ആവശ്യം. എസ്‌ഡിഎംഎയിൽ ബന്ധപ്പെട്ട എല്ലാവരോടും തന്‍റെ നിർദ്ദേശങ്ങളനുസരിച്ച് സാധ്യമായ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടലുകളെ ആശുപത്രികളുമായി ബന്ധിപ്പിക്കുക, സ്വകാര്യ ആശുപത്രികളുടെ കിടക്ക ശേഷി ഉപയോഗപ്പെടുത്തുക, സർക്കാർ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ചേർക്കുക തുടങ്ങിയ സാധ്യതകളും തങ്ങൾ പരിശോധിക്കുന്നുണ്ട്. കേന്ദ്രസർക്കാരും അതിന്‍റെ ഏജൻസികളും ഇന്ന് യോഗത്തിൽ പങ്കെടുത്തതായും അദേഹം പറഞ്ഞു.