ന്യൂഡൽഹി: ഡൽഹിയിൽ 10, 12 ക്ലാസുകൾ ജനുവരി 18 മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. പ്രാക്‌ടിക്കൽ വർക്കുകൾക്കും പരീക്ഷാ തയ്യാറെടുപ്പുകൾക്കും വേണ്ടിയാണ് 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി സ്‌കൂളുകൾ തുറക്കുന്നത്. സ്‌കൂളിൽ എത്തുന്നതിന് കുട്ടികൾക്ക് മാതാപിതാക്കളുടെ അനുമതി നിർബന്ധമാണ്. സ്‌കുളിലെത്താൻ ആരെയും നിർബന്ധിക്കില്ല. കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സൂക്ഷിക്കും. എന്നാൽ അത് ഹാജർ ആയി പരിഗണിക്കില്ലെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 19 ന് ആണ് കൊവിഡിനെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ അടച്ചത്. ഒരാഴ്‌ചയായി ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിലവിൽ 3179 സജീവ കൊവിഡ് രോഗികളാണ് ഡൽഹിയിൽ ഉള്ളത്.