ന്യൂഡൽഹി: സ്വീഡൻ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വീറ്റിനൊപ്പം ഉൾപ്പെടുത്തിയ ടൂൾകിറ്റിന്‍റെ വിശദാംശങ്ങൾ ഗൂഗിളിനോട് ആവശ്യപ്പെട്ട് ഡൽഹി പൊലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത ഐപി അഡ്രസിനെകുറിച്ച് അറിയാനാണ് ഡൽഹി പൊലീസിന്‍റെ ശ്രമം.
സംഭവത്തിൽ മുന്നൂറോളം സമൂഹമാധ്യമ ഉപഭോക്താക്കൾ നിരീക്ഷണത്തിലാണ്. സാമൂഹിക, മത, സാംസ്‌കാരിക വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്‌ടിക്കുകയും കേന്ദ്ര സർക്കാരിനെതിരെ അക്രമം അഴിച്ചുവിടുന്നതിനുമാണ് ടൂൾകിറ്റുകൾ സൃഷ്‌ടിച്ചതിലൂടെ ഉദ്ദേശിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനാണ് ടൂൾകിറ്റ് സൃഷ്‌ടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു. എങ്ങനെ സമരം നടത്തണമെന്നുള്ള നിർദേശങ്ങൾ വിശദമാക്കിയ ടൂൾകിറ്റ് ഗ്രേറ്റ തുൻബർഗ് ട്വീറ്റിനൊപ്പം ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ട്വീറ്റ് ചെയ്‌തതിനെ തുടർന്ന് ഗ്രേറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.