ന്യൂഡല്‍ഹി: നായ കടിച്ചതിന്‍റെ പേരില്‍ മധ്യവയസ്‌കനെ അയല്‍ക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് സ്വദേശിയായ ബ്രിജ് മോഹനെയാണ് (57) അയല്‍ക്കാരനായ പ്രഹ്‌ളാദ് (21) കുത്തി കൊലപ്പെടുത്തിയത്. തെരുവു നായ്‌ക്കളെ സ്‌നേഹിച്ചിരുന്ന ഇയാള്‍ നിത്യേന നായകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. പട്ടികള്‍ അയല്‍ക്കാരനായ പ്രഹ്‌ളാദിനെ കടിച്ചതില്‍ അരിശം പൂണ്ട ഇയാള്‍ ബ്രിജ് മോഹനുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പ്രഹ്‌ളാദ് കത്തിയുമായെത്തി ഇയാളെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്‌തു.
സംഭവ ശേഷം ഉടന്‍ തന്നെ മോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയില്‍ നിന്ന് കൊല നടത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഡിജെയായി ജോലി ചെയ്യുകയാണ് ഇരുപത്തൊന്നുകാരനായ പ്രഹ്‌ളാദ്. ഇയാള്‍ക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.