ന്യൂഡല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനേയും മറ്റ് രണ്ട് പേരേയും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ അരവിന്ദ് കെജ്രിവാളിന്‍റെ നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വാര്‍. സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളില്‍ സമ്മര്‍ദം ചെലുത്തിയത് ആരാണെന്ന് നമുക്കറിയില്ല. രാഷ്ട്രീയ ലാഭത്തിനായി രാജ്യദ്രോഹക്കേസ് എങ്ങനെ ദുരുപയോഗം ചെയ്യാനാകുമെന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് കനയ്യ കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കിയത്. ഈ വര്‍ഷം ജനുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഫെബ്രുവരി ഒന്‍പതിന് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ കനയ്യയും ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെയുള്ളവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്നും സാക്ഷികള്‍ ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കുന്നു.