ന്യൂഡൽഹി: കൊവിഡ് അതിജീവിച്ചവരിൽ നിന്ന് പ്രതികരണം ശേഖരിക്കണമെന്ന് ആശുപത്രികള്‍ക്ക് നിർദേശം നല്‍കി ഡൽഹി സർക്കാർ . പ്രതികരണം ശേഖരിക്കുകയും പ്ലാസ്‌മ ദാനം ചെയ്യുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചറിയണമെന്നും എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സൂപ്രണ്ടുമാർക്കും നിർദേശമുണ്ട്. ആശുപത്രിയിലെ ശുചിത്വം, ഭക്ഷണം, ഡോക്‌ടർമാരുടെ സേവനം, വ്യക്തിയുടെ രക്തഗ്രൂപ്പ് തുടങ്ങിയ കാര്യങ്ങൾ ഫീഡ്‌ബാക്ക് ഫോമിൽ രേഖപ്പെടുത്തണം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്‌മ ബാങ്ക് ഡൽഹിയിൽ ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്‍റ് ബൈലിയറി സയൻസസിൽ ആരംഭിച്ച പ്ലാസ്‌മ ബാങ്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഉദ്‌ഘാടനം ചെയ്‌തത്. ഡൽഹിയിൽ ഇതുവരെ 1,00,823 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 25,620 പേർ ചികിത്സയിൽ തുടരുമ്പോൾ 72,088 പേർ രോഗമുക്തി നേടി. 3,115 പേർ മരിച്ചു.