ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാൽപ്പത്തിമൂവായിരത്തിലധികം വോട്ടുകൾ നോട്ട വിഭാഗത്തിൽ രേഖപ്പെടുത്തിയവയെന്ന് ഔദ്യോഗിക വിവരം. 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ചൊവ്വാഴ്‌ചയായിരുന്നു വോട്ടെണ്ണൽ നടന്നത്. 593 പുരുഷന്മാരും 79 സ്ത്രീകളും ഉൾപ്പടെ 672 സ്ഥാനാർഥികളുടെ വിധി നിർണയിച്ചു. മൊത്തം വോട്ട് ചെയ്‌തവരുടെ എണ്ണം 62.59 ശതമാനമാണ്, ഇത് 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം നോട്ട വിഭാഗത്തിൽ 43,108 വോട്ടുകൾ ലഭിച്ചു, മൊത്തം വോട്ടുകളുടെ 0.5 ശതമാനമാണിത്.
2015ലെ ഡൽഹി തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടുകളുടെ 0.4 ശതമാനം നോട്ട വിഭാഗത്തിൽ രേഖപ്പെടുത്തി. 2013 സെപ്റ്റംബറിലെ സുപ്രീം കോടതി ഉത്തരവിനുശേഷമാണ് അവസാന ഓപ്ഷനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ നോട്ട ബട്ടൺ തെരഞ്ഞെടുപ്പ് കമ്മിഷൻ ചേർത്തത്.