ന്യൂഡല്‍ഹി: സംസ്ഥാനത്ത് ആവശ്യത്തിന് കൊവിഡ് കേന്ദ്രങ്ങള്‍ തയാറാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ൻ. കൊവിഡ് രോഗികള്‍ക്കായി ഒരുക്കിയ 50 ശതമാനത്തോളം കട്ടിലുകളില്‍ ഇപ്പോള്‍ രോഗികളില്ല. 1200 ഐസിയു ബെഡുകളും, 9500 സാധാരണ ബെഡുകളും ഒഴിവുണ്ട്. ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രതിസന്ധി വെള്ളിയാഴ്‌ച പരിഹരിച്ചുവെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് മരുന്ന് ശേഖരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൊഹല്ല ക്ലിനിക്കുകള്‍, പോളി ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയ്‌ക്ക് പുറമെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ മൂന്ന് നിലകളുള്ള കെട്ടിടവും മരുന്ന് സൂക്ഷിക്കാനായി ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ മരുന്ന് ശേഖരിക്കാനുള്ള സൗകര്യം അടിയന്തരമായി ഒരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാജ്യ തലസ്ഥാനം എന്ന നിലയില്‍ കൊവിഡ് മരുന്ന് വിതരണത്തില്‍ ഡല്‍ഹിയെ പ്രത്യേകം പരിഗണിക്കണമെന്നും സത്യേന്ദര്‍ ജെയ്‌ൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ 5482 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 8909 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 8.51 ശതമാനമായിട്ടുണ്ട്.