ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ എം.ജെ. അക്‌ബര്‍ നല്‍കിയ മാനനഷ്ട കേസില്‍ വിധി പറയുന്നത് ഡല്‍ഹി കോടതി മാറ്റി വച്ചു. ഫെബ്രുവരി ഏഴിലേക്കാണ് വിധി പറയല്‍ മാറ്റിവെച്ചിരിക്കുന്നത്. കേസില്‍ ഇരു വിഭാഗത്തിന്‍റെയും വാദം ജനുവരി 16ന് അവസാനിച്ചിരുന്നു. കേസിന്‍റെ വിധി പറയുന്നത് ശനിയാഴ്‌ചത്തേക്ക് നിശ്‌ചയിച്ചിരുന്നെങ്കിലും അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹൂജ അവധിയില്‍ പ്രവേശിച്ചതിനാലാണ് കേസ് മാറ്റിവെച്ചത്.
എം.ജെ. അക്‌ബര്‍ തന്നെ ലൈഗികമായി പീഡിപ്പിച്ചെന്ന് പ്രിയ രമണി സമൂഹമാധ്യമങ്ങളില്‍ നടന്ന മീടൂ ക്യാമ്പയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് എം.ജെ. അക്‌ബര്‍ പ്രിയക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയത്. മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗസാല വഹാബും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ഗസാല വഹാബിന്‍റെ മൊഴി കണക്കിലെടുക്കാന്‍ കഴിയില്ലെന്നും അവര്‍ സാക്ഷി മാത്രമാണെന്നും അക്‌ബറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ആദ്യഘട്ടത്തിലാണ് തെളിവുകളുടെ വിലമതിപ്പ് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. “നിങ്ങൾക്ക് പ്രസക്തമായത് അവര്‍ക്ക് പ്രസക്തമായേക്കില്ലെന്നും,” കോടതി നിരീക്ഷിച്ചു. കേസില്‍ സാക്ഷികളുടെ മൊഴിയും അനിവാര്യമാണെന്നും കോടതി പറഞ്ഞു.