ന്യൂഡൽഹി: ഇന്ത്യയിൽ 2019ൽ വിദേശികൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നത് ഡൽഹിയിലെന്ന് (30.1%) റിപ്പോർട്ട്. മഹാരാഷ്ട്ര (11.7%), കർണാടക (11.2 %) എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2019ൽ ബലാത്സംഗം, കൊലപാതകം, മോഷണം എന്നിവയുൾപ്പെടെ 409 കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിരുന്നു. 2018ൽ ഇത് 517ഉം കഴിഞ്ഞ വർഷം 492ഉം ആണ്. ഡൽഹി (123 കേസുകൾ), മഹാരാഷ്ട്ര (48 കേസുകൾ), കർണാടക (46 കേസുകൾ) എന്നിങ്ങനെ മൊത്തം കേസുകളിൽ 53 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തമിഴ്‌നാട് (5.6%), ഗോവ, ഉത്തർപ്രദേശ് (5.1%), ഹരിയാന (4.6%), രാജസ്ഥാൻ (3.9%), കേരളം, അസം (3.7%), മധ്യപ്രദേശ് (3.2 %) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. 13 കൊലപാതക കേസുകൾ, 12 ബലാത്സംഗങ്ങൾ, അഞ്ച് തട്ടിക്കൊണ്ടുപോകൽ കേസുകളും ഈ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും എൻസിആർബി വ്യക്തമാക്കി.