ഹൈരാബാദ്: കൊവിഡ് വ്യാപനത്തില്‍ രാജ്യം പതറിനില്‍ക്കുമ്പോഴാണ് ആശങ്കകള്‍ക്ക് ശക്തികൂട്ടി ബംഗാള്‍ ഉള്‍ക്കടലില്‍ ചൂഴലിക്കാറ്റ് രൂപപ്പെട്ടത്. ഉംപുൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് കൂടുതല്‍ വേഗതയാര്‍ജിച്ച് സൂപ്പര്‍ സൈക്ലോണായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഒഡിഷ തീരം കടുത്ത ആശങ്കയിലാണ്. വരും ദിവസം മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍.
8041 കിലോമീറ്റര്‍ കടല്‍ തീരമുള്ള ഇന്ത്യ ചുഴക്കാറ്റ് ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ്. ലോകത്തുണ്ടാകുന്ന പത്ത് ശതമാനം ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് രൂപം കൊള്ളുന്നത്. രാജ്യത്തിന്‍റെ കിഴക്കന്‍ തീരപ്രദേശങ്ങളെ തകര്‍ത്തെറിയുന്ന ഇവയില്‍ ഭൂരിഭാഗത്തിന്‍റെയും ഉറവിടം ബംഗാള്‍ ഉള്‍ക്കടലാണ്. പടിഞ്ഞാറുള്ള അറബിക്കടലിലും നിരവധി ചുഴലിക്കാറ്റുകള്‍ പിറവിയെടുത്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ മേഖലയിലുണ്ടാകുന്ന അഞ്ച് ചുഴലിക്കാറ്റുകളില്‍ നാലെണ്ണം ബംഗാള്‍ ഉല്‍ക്കടലില്‍ രൂപമെടുക്കുമ്പോള്‍ ഒന്നിന്‍റെ പ്രഭവ കേന്ദ്രം അറബിക്കടലാണ്.
സാധാരണയായി മെയ് മാസത്തിനും നവംബര്‍ മാസത്തിനും ഇടയിലാണ് ചുഴലിക്കാറ്റും രൂപപ്പെടുന്നത്. ഉത്തരേന്ത്യന്‍ തീരപ്രദേശങ്ങളിലാണ് ചുഴലിക്കാറ്റുകള്‍ ഏറ്റവും കൂടുതല്‍ നാശം വിതയ്‌ക്കുന്നത്. കാറ്റിന് പിന്നാലെ വരുന്ന ശക്തമായ മഴ വെള്ളപ്പൊക്കം അടക്കമുള്ള കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. രൂപപ്പെടുന്ന മേഖലയില്‍ നിന്നും ആയിരം കിലോമീറ്റര്‍ പരിധിയില്‍ ചുഴലിക്കാറ്റ് വ്യാപിക്കുമെങ്കിലും നൂറ് കിലോമീറ്ററിനകത്താണ് ഇവ ഏറ്റവും കൂടുതല്‍ നാശം വിതയ്‌ക്കുക.
ചുഴലിക്കാറ്റ് ഉണ്ടാകുന്നതെങ്ങനെ?
ശക്തമായ സൂര്യപ്രകാശത്തില്‍ സമുദ്രനിരപ്പിനോട് ചേര്‍ന്ന ഈര്‍പ്പമുള്ള വായു ചൂടു പിടിച്ച് ഉയരുന്നതോടെ താഴെയുള്ള വായുവിന്‍റെ അളവ് കുറയുന്നു. അതുമൂലം താഴെ കുറഞ്ഞ മര്‍ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമര്‍ദമേഖല രൂപപ്പെടുന്നു. ഇത് മൂലം മര്‍ദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വായു ഈ മേഖലയിലേക്ക് കടന്നുവരും. പുതിയ വായു എത്തുന്നതോടെ മേഖലയിലെ ഈര്‍പ്പം വര്‍ധിക്കുകയും ചൂടുകൂടി മുകളിലേയ്ക്ക് ഉയരുകയും ചെയ്യും. ഈ ഈര്‍പ്പമുള്ള വായു പിന്നീട് തണുത്ത് മേഘങ്ങളായി മാറുന്നു. ഇത്തരത്തില്‍ മേഘങ്ങള്‍ കൂടുതലായി രൂപപ്പെടുന്നതോടെയാണ് മേഖലയില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
കാറ്റിന്‍റെ വേഗത, അനുബന്ധമായി ഉണ്ടാകുന്ന മറ്റ് കാറ്റുകളുടെ വേഗത, മഴയുടെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് കാറ്റുകളെ തരം തിരിക്കുന്നത്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 31 കിലോമീറ്ററില്‍ താഴെയാണെങ്കില്‍ അത് ന്യൂനമര്‍ദത്തിന്‍റെ തുടക്കമാണ്. വേഗത 31 നും 49 കിലോമീറ്ററിനും ഇടയിലെത്തുമ്പോള്‍ ന്യൂനമര്‍ദമാകുന്നു. 49നും 61നും ഇടയിലാണെങ്കില്‍ തീവ്ര ന്യൂനമനര്‍ദമെന്നും എന്നും കാറ്റുകളെ തരംതിരിക്കുന്നു. വേഗത 61നും 88നും ഇടയിലെത്തുമ്പോഴാണ് കാറ്റ് ചുഴലിക്കാറ്റാകുന്നത്. 88നും 117നും ഇടയിലെത്തുമ്പോള്‍ ചുഴലിക്കാറ്റ് തീവ്രമാവുകയും മണിക്കൂറില്‍ 221 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറുകയും ചെയ്യുന്നു.
ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന രീതി
2004 സെപ്റ്റംബർ മുതലാണ് ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരു നൽകിത്തുടങ്ങിയത്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ തീരത്തുള്ള എട്ട് ഏഷ്യൻ രാഷ്ട്രങ്ങളാണ് (ബംഗ്ളാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലാൻഡ്) ഇവിടുത്തെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിലാണ് രാജ്യങ്ങള്‍ക്ക് അവസരം ലഭിക്കുക. ഓരോ രാജ്യത്തിനും എട്ടു പേരുവീതം നിർദേശിക്കാം. സ്ഥാനക്രമത്തിലാണ് ഓരോ രാജ്യത്തിന്റെയും ഊഴം. പേരുതീരുമ്പോൾ പുതിയ പട്ടിക അവതരിപ്പിക്കും. ന്യൂഡൽഹിയിലെ കാലാവസ്ഥാകേന്ദ്രമാണ് ഇന്ത്യയ്‌ക്ക് അവസരം ലഭിക്കുമ്പോള്‍ പേര് പ്രഖ്യാപിക്കുന്നത്. ഇപ്പോഴത്തെ ഉംപാണ്‍ ചുഴലിക്കാറ്റിന് പേര് നല്‍കിയത് തായ്‌ലന്‍ഡാണ്. മുമ്പ് വീശിയ ചുഴലിക്കാറ്റുകൾക്ക് അഗ്നി, ആകാശ്, ബിജലി, ഇൽ, ലെഹർ, മേഘ, സാഗർ, വായു എന്നിവയ്‌ക്ക് പേരിട്ടത് ഇന്ത്യയാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
- പ്രത്യേക മാസങ്ങളില്‍ ചുഴലിക്കാറ്റ് തുടര്‍ച്ചയായി ബാധിക്കുന്ന പ്രദേശങ്ങളില്‍ നേരത്തെ തന്നെ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതുണ്ട്.
- വീട്ടില്‍ തകരാറിലായ വാതിലുകളും, ജനാലകളും ഉറപ്പിക്കുക
- വീടിന് സമീപത്തുള്ള മരങ്ങള്‍ മുറിച്ച് നീക്കുക
- വീഴാറായ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുക
- കൂടുതല്‍ ബാറ്ററികള്‍ കരുതി വയ്‌ക്കുക
- കേടാകാതെ നില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ കരുതിവയ്ക്കുക
ചുഴലിക്കാറ്റ് ആരംഭിച്ചു കഴിഞ്ഞാല്‍
- രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
- വീട്ടിലെ വൈദ്യുത ബന്ധം വിശ്ചേദിക്കുക
- റേഡിയോയില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ദിക്കുക ( ചുഴലിക്കാറ്റുണ്ടാകുമ്പോള്‍ ഓള്‍ ഇന്ത്യാ റേഡിയോ തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കാറുണ്ട്.
- അറിയുന്ന വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്‌ക്കുക
- തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക, ആശങ്ക സൃഷ്‌ടിക്കാതിരിക്കുക
എമര്‍ജന്‍സി കിറ്റ്
- ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചാല്‍ അത്യാവശ്യം വേണ്ട ചില വസ്‌തുക്കല്‍ നാം കയ്യില്‍ കരുതണം
- ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടോര്‍ച്ച്
- ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ
- ഫസ്‌റ്റ് എയ്‌ഡ് കിറ്റ്
- റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ വെള്ളം കയറാത്ത കവറില്‍ സൂക്ഷിക്കുക
- ഷൂ, കയര്‍ തുടങ്ങിയവ
ഇന്ത്യയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റുകള്‍
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ശക്തിയേറിയ ചുഴലിക്കാറ്റുകള്‍
1970ല്‍ ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് അഞ്ച് ലക്ഷത്തോളം ജീവനുകളാണ് കവര്‍ന്നെടുത്തത്. ഏറ്റവുമൊടുവില്‍ 2008 മെയ് രണ്ടിന് ഭൂട്ടാനിലുണ്ടായ നര്‍ഗിസ് ചുഴലിക്കാറ്റ് 1,38,000 ജീവനെടുത്തു.