ബെംഗളൂരു: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കർണാടക സെക്രട്ടേറിയറ്റ് കെട്ടിടമായ വിധാൻ സൗധ ഭാഗികമായി അടച്ചു. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾക്കായി അടച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായ പൊലീസ് കോൺസ്റ്റബിളിനാണ് ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്. മുൻകരുതല്‍ നടപടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ 50 വയസിന് മുകളിലുള്ള എല്ലാ ജീവനക്കാര്‍ക്കും തിങ്കളാഴ്‌ച അവധി നല്‍കി. മറ്റുള്ളവര്‍ ഉച്ചക്ക് ശേഷം ഓഫീസില്‍ എത്തിയാല്‍ മതി.
നഗരത്തില്‍ കൊവിഡ് കേസുകൾ വര്‍ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് വിധാൻ സൗധയിലേക്കുള്ള സന്ദര്‍ശന സമയം ഒരു മണിക്കൂറായി വെട്ടിക്കുറച്ചു. വൈകുന്നേരം 4.30 മുതല്‍ 5.30 വരെയാണ് പുതുക്കിയ സന്ദര്‍ശന സമയം. വിധാൻ സൗധയോട് ചേര്‍ന്നുള്ള മിനി സെക്രട്ടേറിയറ്റായ വികാസ് സൗധയും ജൂൺ 19ന് ശുചിത്വവല്‍കരണത്തിനായി അടച്ചിരുന്നു. സംസ്ഥാനത്ത് ഞായറാഴ്‌ച 1,925 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 1,235 കേസുകളും ബെംഗളൂരുവിലാണ്. ഇതോടെ തലസ്ഥാന നഗരിയിലെ രോഗബാധിതരുടെ എണ്ണം 9,580 ആയി. നിലവില്‍ 8,167 പേരോണ് ചികിത്സയിലുള്ളത്.