ഭുവനേശ്വർ: കൊവിഡ് 19 ജാഗ്രത നിർദേശം അവഗണിച്ച് പുറത്തിറങ്ങിയവർക്കെതിരെ വ്യത്യസ്‌ത നടപടികളുമായി ഒഡീഷ പൊലീസ്. ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് വളയുകയും പരിഹസിക്കുകയും ചെയ്‌തതായി ആരോപണം ഉയർന്നു. പലചരക്ക് കടകളിലും പാൽ, പച്ചക്കറി കടകളിലും കൂട്ടം ചേർന്ന് നിന്നവർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെയും നടപടിയെടുത്തു. ലോക്ക് ഡൗൺ സാഹചര്യത്തിലും ആവശ്യവസ്‌തുക്കൾ ലഭ്യമായിരിക്കും എന്ന് അധികാരികൾ ഉറപ്പുനൽകിയിട്ടും കടകളിൽ ആളുകളുടെ തിക്കും തിരക്കും അധികമായതിനെ തുടർന്നാണ് നടപടി. കൂടാതെ, വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടാനും സ്വാർത്ഥർ, ഉത്തരവാദിത്വമില്ലാത്തവർ എന്നെഴുതിയ പ്ലക്കാർഡ് പിടിക്കാനും പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പുറമെ, ലോക്ക് ഡൗൺ വകവയ്‌ക്കാതെ അത്യാവശ്യ ഉൽപന്നങ്ങൾ അല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതിന് 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ആളുകളുടെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചു.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി 1,200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ മിക്ക സർക്കാർ സ്ഥാപനങ്ങളും ഇപ്പോൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയതായും പല ഹോട്ടൽ ഉടമകളും തങ്ങളുടെ സ്ഥാപനങ്ങൾ ഇതിനായി ഉപയോഗിക്കുന്നതിന് നൽകിയതായും പൊലീസ് സൂപ്രണ്ട് യു.എസ് ദാസ് അറിയിച്ചു.