ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച കൊവിഡ് പോസിറ്റീവായ അജയ് കുമാർ ഇപ്പോൾ ഹോം ക്വാറന്‍റൈനിലാണ്. കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന 35 ഉദ്യോഗസ്ഥരും ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധ സെക്രട്ടറിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടുപിടിക്കാനായി പ്രതിരോധ മന്ത്രാലയം കോൺടാക്റ്റ്-ട്രെയ്‌സിങ് നടത്തി.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ബുധനാഴ്‌ച സൗത്ത് ബ്ലോക്കിലെ ഓഫീസിൽ പ്രവേശിച്ചില്ല. പ്രതിരോധ മന്ത്രി, പ്രതിരോധ സെക്രട്ടറി, കരസേന മേധാവി, നാവികസേന മേധാവി എന്നിവരുടെ ഓഫീസുകൾ സൗത്ത് ബ്ലോക്കിന്‍റ ഒന്നാം നിലയിലാണ്. പ്രതിരോധ സെക്രട്ടറി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സേന മേധാവികളുമായി സമ്പർക്കത്തില്‍ വന്നിരുന്നോ എന്നത് വ്യക്തമല്ല.