ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിത് ക്വാറന്റൈനില്‍. രാജ്ഭവനില്‍ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹം ഒരാഴ്ചത്തേക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഗവര്‍ണര്‍ ആരോഗ്യവാനാണെന്നും മുന്‍കരുതലെന്നോണമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ചെന്നൈ രാജ്ഭവനിലെ 38 ജീവനക്കാരെയാണ് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇതില്‍ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 35 പേരുടെ ഫലം നെഗറ്റീവുമായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്ഭവനിലെ 84 സുരക്ഷാ,അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇവരാരും ഗവര്‍ണറുമായോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 മരണമാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.