മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 60 ആയി. ഇതില്‍ 38 പേരും മുംബൈ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്തെ പൊലീസ് സേനയില്‍ രോഗം സ്ഥിരീകരിച്ച 4,900 പേരില്‍ 2,600 പേരും മുംബൈ പൊലീസ് സേനയില്‍ നിന്നുള്ളവരാണ്. 82 പേര്‍ക്ക് രോഗം ഭേദമായതായും ബുധനാഴ്‌ച മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇതോടെ പൊലീസ് സേനയില്‍ രോഗം ഭേദമായവരുടെ എണ്ണം 3,700 ആയി.
നിലവില്‍ ചികിത്സയിലുള്ളത് 1,015 പൊലീസ് ഉദ്യോഗസ്ഥരാണ്. ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന് ഇതുവരെ 1,39,702 കേസുകള്‍ രജിസ്റ്റര്‍ ചെയുകയും 29,425 പേരെ അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം 290 അതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. ആക്രമണങ്ങളില്‍ 54 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 140 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിഴയിനത്തില്‍ ഇതുവരെ 9.95 കോടി രൂപ ഈടാക്കിയതായും പൊലീസ് അറിയിച്ചു.