ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ ‘കോവാക്‌സി’ന്‍റെ പരീക്ഷണം നടത്താനൊരുങ്ങി കർണാടകയിലെ ബെലഗാവിയിലുള്ള ജീവൻ രേഖാ ആശുപത്രി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) പ്രമുഖ വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡുമാണ് പരീക്ഷണങ്ങൾക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വാക്‌സിൻ പരീക്ഷണത്തിനായി 150 മുതല്‍ 200 സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തിയിട്ടുണ്ട്. വാക്‌സിൻ പരീക്ഷണം ആരംഭിക്കുന്ന അന്നുമുതൽ ഇവരെ സൂക്ഷ്‌മമായി നിരീക്ഷിക്കും. വ്യക്തികളില്‍ വാക്‌സിനുണ്ടാക്കുന്ന ഫലങ്ങൾ കൃത്യമായി റെക്കോര്‍ഡ് ചെയ്യുകയും ഐസിഎംആറുമായി പങ്കുവെക്കുകയും ചെയ്യും. പൊതുവായ ഉപയോഗം ശുപാർശ ചെയ്യുന്നതിന് മുമ്പ് ഈ വിവരങ്ങൾ പരിഗണിക്കും. ആദ്യഘട്ട ക്ലിനിക്കല്‍ പരിശോധന 28 ദിവസം വരെ നീളും. അതിന് ശേഷം ഐസിഎംആറും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും (ഡിജിസിഐ) രണ്ടാം ഘട്ടത്തിലേക്ക് അനുമതി നല്‍കണം.
കോവാക്‌സിൻ പരീക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത രാജ്യത്തെ 12 ആശുപത്രികളിലൊന്നാണ് ജീവൻ രേഖ. ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വേഗത്തിൽ കണ്ടെത്താനും ജൂലായ് ഏഴിനകം വിവരങ്ങൾ എൻറോൾ ചെയ്‌തെന്ന് ഉറപ്പുവരുത്താനും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ തെരഞ്ഞെടുത്ത ആശുപത്രി മേധാവികളോട് ആവശ്യപ്പെട്ടിരുന്നു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ - സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്കോ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവര്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങൾക്ക് അനുമതി നല്‍കിയിട്ടുണ്ട്.