ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നിരോധിച്ചു. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വിസ അനുവദിക്കില്ലെന്നും, അനുവദിച്ച വിസ റദ്ദാക്കിയതായും ഇമിഗ്രഷന്‍ വിഭാഗം അറിയിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഇന്ത്യയില്‍ പ്രവേശനം അനുവദിക്കില്ല. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് വന്നിരിക്കുന്നത്. യോഗത്തില്‍ വൈറസ് വ്യാപനത്തെ തടയുന്നതിനായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. മറ്റു രാജ്യങ്ങളില്‍ രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കുന്നുണ്ട്.