ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിലെ ശിക്ഷയിന്മേൽ മറ്റൊരു ബെഞ്ച് വാദം കേൾക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും കുറ്റക്കാരനെന്ന കോടതി വിധിയിൽ ദുഃഖമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. യാതൊരു തെളിവും മുന്നോട്ടുവെക്കാതെയാണ് കോടതിയുടെ തീരുമാനമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ബെഞ്ചിന്‍റെ ഉത്തരവിനെതിരെ പുനപ്പരിശോധനാ ഹർജി നൽകാൻ സമയം അനുവദിക്കുമെന്നും അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഭൂഷന് ഉറപ്പ് നൽകി. കേസിൽ വാദം കേൾക്കുന്നത് മാറ്റിവെക്കില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷാവിധി സംബന്ധിച്ച വാദം മറ്റൊരു ബെഞ്ച് കേൾക്കണമെന്ന ആവശ്യം അനുചിതമാണെന്ന് ബെഞ്ച് ഭൂഷനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ ദുശ്യന്ത് ഡേവിനോട് പറഞ്ഞു. ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് അഭിഭാഷകൻ ഡേവ് പറഞ്ഞു. കേസിലെ വാദം കേൾക്കുന്നത് തുടരുകയാണ്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്‌ക്കെതിരെ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. എന്നാല്‍ ട്വീറ്റുകള്‍ കോടതിയുടെ നടപടി മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നും മാപ്പ് പറയില്ലെന്നും കോടതിയോട് ദയ ആവശ്യപ്പെടുന്നില്ലെന്നും കോടതി നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.