ന്യൂഡൽഹി: പാർട്ടിയുടെ സ്ഥാപക ദിനത്തിൽ 'തിരംഗ യാത്ര' സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ 'സെൽഫി വിത്ത് തിരംഗ' എന്ന കാമ്പെയിനും നടത്തും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) സ്ഥാപിതമായതിന്‍റെ 136-ാം വാർഷികമാണിന്ന്. കോൺഗ്രസ് എംപിമാർ, എംഎൽഎമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കൊവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തിരംഗ യാത്രയും കാമ്പെയിനുകളും സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം നൽകാൻ കോൺഗ്രസ് അഭ്യർഥിച്ചു. മതേതരവും ജനാധിപത്യപരവും ഏകീകൃതവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിൽ ഐഎൻസി മുന്നിലാണ്.
ഐഎൻസി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി വിജയിച്ചുവെന്നും, ഇന്ത്യയെക്കുറിച്ചുള്ള ഭരണഘടനാപരമായ ആശയങ്ങൾ നിർമിച്ചുവെന്നും, ആഗോള ശക്തിയായി രാഷ്‌ട്രത്തെ കെട്ടിപ്പടുത്തുവെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. 1885 ഡിസംബർ 28നാണ് ഐഎൻസി രൂപീകരിച്ചത്. അഭിഭാഷകൻ ഉമേഷ് ചന്ദ്ര ബാനർജിയായിരുന്നു ഐഎൻസിയുടെ ആദ്യ അധ്യക്ഷൻ.