ന്യൂഡൽഹി: രാജസ്ഥാനിലുള്ള ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാൻ 500 ബസുകൾ സജ്ജമാക്കി കോൺഗ്രസ്. ബസുകൾ നാളെ രാവിലെ ഉത്തർപ്രദേശ് അതിർത്തിയിലെത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണ് ബസുകൾ സജ്ജമാക്കിയത്.
കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ 1,000 ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. കുടിയേറ്റക്കാർക്ക് സുരക്ഷിതമായി വീടുകളിൽ എത്താൻ ബസുകൾ അനുവദിച്ചാൽ അതിന്‍റെ ചെലവ് കോൺഗ്രസ് വഹിക്കുമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ എഴുതിയിരുന്നു. നേരത്തെ തന്നെ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ ഹൈവേ ടാസ്‌ക് ഫോഴ്‌സും അടുക്കളകളും കോൺഗ്രസ് സ്ഥാപിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് മരുന്നുകളും, ഭക്ഷണ പാക്കറ്റുകളും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളം 40 കേന്ദ്രങ്ങൾ സ്ഥാപിക്കാനും കോൺഗ്രസ് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.