ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 40 പേർ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായിരുന്ന നവജോത് സിങ് സിദ്ധു എന്നിവരും പട്ടികയിലുണ്ട്. കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മന്ത്രിമാരായ ക്യാപ്‌റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ബാഗേൽ, അശോക് ഗെലോട്ട്, കമൽ നാഥ്, വി. നാരായണസ്വാമി എന്നിവരും പട്ടികയിലുണ്ട്.
രാഷ്‌ട്രീയത്തിലിറങ്ങിയ സിനിമാ താരങ്ങളായ രാജ് ബബ്ബാർ, ശത്രുഘൺ സിൻഹ, ഖുഷ്ബു സുന്ദർ, നഗ്മ മൊറാർജി എന്നിവരും ഗുലാം നബി ആസാദ്, നദീം ജാവേദ്, കീർത്തി ആസാദ്, രാഗിണി നായക് എന്നിവരും പ്രചാരണത്തിനുണ്ടാവും. മുൻ മുഖ്യമന്ത്രിമാരായ ഹാരിഷ് റാവത്ത്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരും യുവ നേതാക്കന്മാരായ സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സുർജേവാല തുടങ്ങിയവരും പട്ടികയിലുണ്ട്. മുൻ കേന്ദ്ര മന്ത്രി ശശി തരൂരും പ്രചാരണത്തിന് ഉണ്ടാകും.
ഡൽഹി തെരഞ്ഞെടുപ്പിൽ 66 സീറ്റിന് വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. നഷ്‌ടപെട്ട നില തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ കോൺഗ്രസ് കളത്തിലിറങ്ങുന്നത്. അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ ഭരണ നേട്ടങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് കോൺഗ്രസിന്‍റെ പ്രചാരണ ഗീതം തയ്യാറാക്കിയത്. രണ്ട് തവണ എംപിയായ സന്ദീപ് ദീക്ഷിതിനെ പട്ടികയിൽ നിന്നും ഒഴിവാക്കി.