ന്യൂഡല്‍ഹി: ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള കോൺഗ്രസ് പാര്‍ട്ടിയുടെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നു.
പാർലമെന്‍റില്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമായെന്നാണ് സൂചന. പാര്‍ട്ടി നേതാക്കളായ അഹമ്മദ് പട്ടേല്‍, ആദിര്‍ രഞ്ജന്‍ ചൗധരി, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി തുടങ്ങി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
ബില്‍ സംബന്ധിച്ച് എന്ത് തീരുമാനം കൈക്കൊള്ളണമെന്നതിനെക്കുറിച്ച് അന്തിമ രൂപമുണ്ടാക്കുന്നതിനായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കളുടെ സംഘത്തെ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു. ബില്ലിനെ സൂക്ഷ്മമായി വിശകലനം ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ പൊതുഅഭിപ്രായം. ബില്ലിനെതിരെ സോണിയാഗാന്ധി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ അവസാന ആഴ്ചയില്‍ ലോകസഭയില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒമ്പത് ബില്ലുകളില്‍ ഒന്നാണ് പൗരത്വ ഭേദഗതി ബില്‍. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 13 ന് സമാപിക്കും.