ഗാന്ധിനഗർ: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അൽപേഷ് താക്കൂറിന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം താക്കൂറിന്‍റെ ഗുജറാത്ത് നിയമസഭാംഗത്വം അസാധുവാക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് സ്ഥാനാർഥിയായാണ് അൽപേഷ് താക്കൂർ മത്സരിച്ച് ജയിച്ചതെന്ന് പരാതിയിൽ പറയുന്നു. പാർട്ടിയിൽ നിന്നും രാജി വച്ചിട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്നതിനാലാണ് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റ് സ്ഥാനങ്ങൾ രാജിവച്ച അൽപേഷ് നിയമസഭാംഗത്വം രാജിവച്ചില്ല. ഇതിനെതിരെ പാർട്ടി നേതൃത്വം സ്പീക്കറെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അൽപേഷ് താക്കൂറിനും സ്പീക്കർ രാജേന്ദ്ര ത്രിവേദിക്കും നോട്ടീസ് അയച്ചെന്ന് ഹൈക്കോടതിയിലെ പരാതിക്കാരനും കോൺഗ്രസ് ചീഫ് വിപ്പുമായ അശ്വിൻ കോട്‌വാൾ പറഞ്ഞു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അല്‍പേഷ് രാജിവെക്കുന്നത്. പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അല്‍പേഷിന്‍റെ രാജി. കൂറുമാറ്റത്തിലൂടെ അല്‍പേഷ് എംഎല്‍എ സ്ഥാനത്തിന് അയോഗ്യനായെന്നും മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.