ഹൈദരാബാദ്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ പാക്കേജ് അനുവദിക്കുെമന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നിലവിൽ 550 കോടിയുടെ ദുരിതാശ്വാസ ഫണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഓരോ വീടുകൾക്കും അടിയന്തര സഹായമായി സർക്കാർ 10,000 രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ തന്നെ പണം വിതരണം ചെയ്യും.
മഴയിലും വെള്ളപ്പൊക്കത്തിലും പൂർണമായും തകർന്ന വീടുകൾക്ക് ഒരു ലക്ഷം വീതവും ഭാഗികമായി തകർന്ന വീടുകൾക്ക് 50,000 വീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനും എത്രയും വേഗം ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വെള്ളപ്പൊക്കം പ്രധാനമായും ബാധിച്ചത് താഴ്‌ന്ന പ്രദേശങ്ങളിൽ താമസിച്ചവരെയാണ്. അവരെ സഹായിക്കുകയെന്നതാണ് സർക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്തമെന്നും കെസിആർ കൂട്ടിച്ചേർത്തു.