ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗ്രഹില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ ബിജെപി തിരംഗ റാലിക്കിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ റാലിക്ക് അനുമതി നൽകിയിട്ടില്ലെന്നും എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് ബിജെപി പ്രവർത്തകരും പ്രാദേശിക നേതാക്കളും റാലി നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും സബ് ജില്ലാ മജിസ്ട്രേറ്റിനെയും മറ്റ് ഉദ്യോഗസ്ഥരെയും തല്ലിയതായും ജില്ലാ കലക്‌ടര്‍ നിധി നിവേദിത പറഞ്ഞു. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.