ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേക്ക് മടങ്ങാനാഗ്രഹമില്ലെന്ന് ബിജെപി നേതാവിനെതിരെ ലൈംഗികാരോപണമുന്നയിച്ച പെണ്‍കുട്ടി അറിയിച്ചതായി സുപ്രീം കോടതി. പെണ്‍കുട്ടിയുമായി ക്യാമറയിലൂടെ ആശയവിനിമയം നടത്തിയ സുപ്രീം കോടതി ബഞ്ചാണ് മാതാപിതാക്കള്‍ എത്തും വരെ ഡല്‍ഹിയില്‍ തുടരാനാണ് പെണ്‍കുട്ടിയുടെ തീരുമാനമെന്ന് വ്യക്തമാക്കിയത്. സ്വയരക്ഷക്കായാണ് മൂന്ന് സഹപാഠികൾക്കൊപ്പം വീട് വിട്ട് പോയതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
നാല് ദിവസം പെണ്‍കുട്ടി ഡല്‍ഹിയില്‍ തുടരുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്ക് യുപിയിലെ ഷാജഹാൻപൂരിൽ നിന്ന് ഡല്‍ഹിയിലേക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനും ഡല്‍ഹി പൊലീസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. സെപ്‌റ്റംബര്‍ രണ്ടിന് വീണ്ടും വാദം കേൾക്കുന്നത് വരെ മാതാപിതാക്കളൊഴികെ മറ്റാരോടെങ്കിലും സംസാരിക്കുന്നതിന് പെണ്‍കുട്ടിക്ക് വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെയാണ് പെണ്‍കുട്ടി ലൈംഗികാരോപണം ഉയര്‍ത്തിയത്. ലൈംഗികാരോപണത്തിനും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമിടെ പെണ്‍കുട്ടിയെ കാണാതായിരുന്നു. പിന്നീട് രാജസ്ഥാനില്‍ നിന്നുമാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.