ഗുവാഹത്തി: ക്ഷേത്രത്തില്‍ ബാലവേല നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ഗുവാഹത്തിയിലെ ചരിത്രപരമായ കാമാഖ്യ ക്ഷേത്രം ചര്‍ച്ചയാകുന്നു. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ ക്ഷേത്രത്തിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. കമ്മിഷന്‍റെ അന്വേഷണത്തില്‍ നിരവധി ചെറുപ്പക്കാരായ പെൺകുട്ടികൾ കുമാരി പൂജ നടത്താൻ ഭക്തരോട് പണത്തിനായി യാചിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികൾക്ക് പണം നൽകാൻ ഭക്തർ വിസമ്മതിച്ചാൽ ഭക്തർ ശപിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കമ്മിഷൻ കണ്ടെത്തി.
രാജ്യമെമ്പാടുമുള്ള ചില ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു ആചാരമാണ് കുമാരി പൂജ. പെൺകുട്ടികളെ ദിവ്യമാതാവായി കണ്ട് ആരാധിക്കുന്ന ചടങ്ങാണിത്. കുട്ടികളെ ഭിക്ഷാടനത്തിനും ബാലവേലയ്‌ക്കായും ഉപയോഗിക്കുന്നച് ബാലാവകാശ ലംഘനമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. കുമാരി പൂജയുടെ മറവില്‍ ക്ഷേത്രത്തില്‍ ബാലവേല നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് ജില്ലാ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കമ്മിഷൻ അംഗം പ്രതികരിച്ചു.
അതേസമയം, ക്ഷേത്രത്തിൽ ഭിക്ഷാടനത്തിലും ജോലിയിലും ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും, അവരെ പുനരധിവസിപ്പാക്കാൻ അനുയോജ്യമായ സൗകര്യം കണ്ടെത്താനും ദേശീയ ബാലാവകാശ കമ്മിഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാമാഖ്യ പൊലീസ് സ്റ്റേഷന് കീഴില്‍ ഒരു ശിശുക്ഷേമം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും, തെരുവ് കുട്ടികളെ സ്കൂളുകളിൽ ചേർക്കണമെന്നും, കുട്ടികളെ ഭിക്ഷാടനത്തിൽ ഏർപ്പെടുത്തുന്ന മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ ശുപാര്‍ശ ചെയ്‌തു.