ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിൻ്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരം നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാമ്യാപേക്ഷ നിരസിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിദംബരത്തിൻ്റെ സ്വഭാവം ജാമ്യം ലഭിക്കുന്നതിന് ഒരു ഘടകമാകരുതെന്നും ജാമ്യം ലഭിച്ചാൽ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നും ഈ മാസം ഇരുപത്തിയേഴിന് നടന്ന വിചാരണയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ഈ മാസം പത്തൊമ്പതിന് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു. ഓഗസ്റ്റ് മൂന്ന് വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി നീട്ടിയത്. സെപ്‌തംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലിലാണ്. 2017 മെയ് പതിനഞ്ചിനാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്സ് മീഡിയക്ക് വഴിവിട്ട് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.