ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നിന്ദ്യമായ നടപടിയാണിത്. എഫ്‌ഐആർ ഉടൻ പിൻവലിക്കണമെന്നും പി.ചിദംബരം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയെന്നു ചൂണ്ടിക്കാട്ടിയാണ് ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ യുപി പൊലീസ് കേസെടുത്തത്.
കൊവിഡ് വൈറസിൽ നിന്ന് ശ്രീരാമൻ രക്ഷിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞെന്നായിരുന്നു ദ വയര്‍ വാര്‍ത്ത നല്‍കിയത്. കൊവിഡ് 19 ഭീതിക്കിടയിലും രാമനവമി ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത. തനിക്കെതിരെ കേസെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സിദ്ധാര്‍ഥ് വരദരാജൻ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇക്കാര്യം പറഞ്ഞത് യോഗി ആദിത്യനാഥല്ലെന്നും ഇത് അയോധ്യ ട്രസ്റ്റ് തലവനായ ആചാര്യ പരമഹംസാണ് പറഞ്ഞതെന്ന് വ്യക്തമാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം മാര്‍ച്ച് 25ന് ലോക്‌ഡൗൺ ലംഘിച്ച് ഉത്സവത്തില്‍ പങ്കെടുത്തുവെന്നും വരദരാജൻ ട്വീറ്റ് ചെയ്തിരുന്നു.