വിജയവാഡ: 40 ദിവസത്തിലേറെ നീണ്ടു നിന്ന കാത്തിരിപ്പിന് ശേഷം നീണ്ട നിരയിൽ കാത്ത് നിന്ന് മദ്യപാനികൾ. ആന്ധ്രാപ്രദേശിൽ തിങ്കളാഴ്ച മുതൽ മദ്യ വിതരണ ശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായാണ് നീണ്ട നിര. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസിന് കഠിനമായി പ്രവർത്തിക്കുന്നതിനിടെ സംസ്ഥാനത്തൊട്ടാകെയുള്ള ചില്ലറ മദ്യവിൽപന ശാലകളിൽ നീണ്ട നിരയാണ് രാവിലെ മുതൽ തന്നെ ഉണ്ടായിരുന്നത്.
കടകൾ തുറക്കുന്നതിന് വളരെ മുമ്പുതന്നെ ഉപഭോക്താക്കൾ കടകൾക്ക് പുറത്ത് കാത്തിരിപ്പ് തുടർന്നിരുന്നു. രാവിലെ 11 മണിക്ക് കടകൾ തുറക്കാനാണ് നിർദേശം നൽകിയിരുന്നത്. കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ, വിശാഖപട്ടണം, ചിറ്റൂർ, അനന്തപുർ ജില്ലകളിലെ മദ്യ ശാലകൾക്ക് പുറത്ത് സാമൂഹിക അകലം പാലിച്ച് നിൽക്കുന്ന ആളുകളാണ് ഉണ്ടായിരുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ റെഡ് സോണുകളിലടക്കം ചില്ലറ മദ്യവിൽപന ശാലകൾ തുറന്ന് പ്രവർത്തിക്കാമെന്ന് നിർദേശം വന്നിരുന്നു. എന്നിരുന്നാലും, നിരോധിത മേഖലയിലെ കടകൾ തുറക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന സർക്കാർ നടത്തുന്ന മദ്യശാലകളിൽ വില 25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. എന്നിരുന്നാലും, മിക്കവാറും എല്ലാ ഷോപ്പുകളിലും വലിയ തോതിൽ തിരക്ക് അനുഭപ്പെട്ടിരുന്നു. നെല്ലൂർ ജില്ലയിലെ ഗ്രാമത്തിൽ സ്‌ത്രീകള്‍ ചേര്‍ന്ന് മദ്യവില്‍പന ശാല പൂട്ടിച്ചു. വലിയ തോതിൽ ആളുകൾ ഒത്ത് ചേരുന്നത് കൊവിഡ് പകരാന്‍ കാരണമാകുമെന്ന് അവർ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (എപിഎസ്ബിസിഎൽ) നടത്തുന്ന കടകളിൽ മദ്യം വിൽക്കുന്നതിന് എക്‌സൈസ് വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
കടകളിൽ സാമൂഹ്യ അകലം പാലിക്കാണമെന്നും എടുത്ത് കൊടുക്കുന്നയാൾ മാസ്കുകൾ ധരിക്കാനും കടകളിൽ ഉപയോഗിക്കാൻ സാനിറ്റൈസറുകൾ സൂക്ഷിക്കാനും മാർഗനിർദേശത്തിൽ പറയുന്നു. ഒരു സമയം അഞ്ചിൽ കൂടുതൽ ഉപഭോക്താക്കളെ കടകളിൽ അനുവദിക്കരുതെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.