ന്യൂഡല്‍ഹി: ബൊഫോഴ്സ് ആയുധ ഇടപാട് കേസില്‍ തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ സിബിഐ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിബിഐ വക്താവ് നിതിന്‍ വകന്‍കര്‍ പറഞ്ഞു. പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണവുമായി മുന്നോട്ട് പോകും. സ്വകാര്യ അന്വേഷകന്‍ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിനാല്‍ ഇതേപ്പറ്റി തീരുമാനമെടുക്കാന്‍ കോടതി അനുവാദം നിര്‍ബന്ധമില്ലെന്നും വകന്‍കര്‍ പറഞ്ഞു.
ഇപ്പോള്‍ പ്രൈവറ്റ് അന്വേഷകനായ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന് അറ്റോര്‍ണി ജനറലും അനുവാദം നല്‍കി. 1986ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് അഴിമതി കേസ് നടക്കുന്നത്. സൈന്യത്തിന് 400 തോക്കുകള്‍ വാങ്ങാന്‍ 1986ല്‍ 1437 കോടി രൂപക്ക് സ്വീഡിഷ് ആയുധ കമ്പനിയുമായി ഇന്ത്യ കരാറിലെത്തിയിരുന്നു. എന്നാല്‍, കരാര്‍ ലഭിക്കാന്‍ സ്വീഡിഷ് കമ്പനി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് സ്വീഡിഷ് റേഡിയോ പുറത്തുവിട്ടതോടെയാണ് അഴിമതി ആരോപണം പുറത്തുവന്നത്. കേസില്‍ മുന്‍ രാജീവ് ഗാന്ധി അടക്കമുള്ള പ്രതികളെ 2005ല്‍ വെറുതെ വിട്ടിരുന്നു.