ലക്‌നൗ: ഹത്രാസ് പീഡനക്കേസിൽ സിബിഐ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികളായ നാലുപേർക്കെതിരെ എസ്‌സി/ എസ്ടി കോടതി കേസെടുത്തു. ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് പ്രതികൾക്കെതിരെ കോടതി കേസെടുത്തത്.
കഴിഞ്ഞ സെപ്‌തംബറിലാണ് യുപിയിലെ ദളിത് പെൺകുട്ടിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സക്കിടെ പെൺകുട്ടി മരിച്ചു. മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കാതെ തിടുക്കത്തതിൽ ശവസംസ്‌കാരം നടത്തിയ യുപി പൊലീസിനെതിര രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു. പൊലീസ് തിടുക്കത്തിൽ മൃതദേഹം സംസ്‌കരിച്ചതിൽ, അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. അർധരാത്രിയിൽ ശവസംസ്‌കാരം നടത്തിയ സംഭവത്തില്‍ അലഹബാദ് കോടതി കേസ് പരിഗണിക്കുകയാണ്. ഇതിനിടെ, ജയിലിൽ കഴിയുന്ന പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും എസ്‌സി/ എസ്ടി കോടതി നാലുപേർക്കുമെതിരെ കേസെടുക്കുകയായിരുന്നു.
ആദ്യം അന്വേഷണം പൂർത്തിയാക്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജനുവരി 27നാണ് കേസില്‍ കോടതി അടുത്ത വാദം കേൾക്കുന്നത്.