ലക്‌നൗ: ഉത്തർപ്രദേശിലെ കുഷിനഗറില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് പന്ത്രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. ബിഹാറിലേക്ക് തൊഴിലാളികളെയും കൊണ്ടു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്‌ച പതേർവയിലെ എൻഎച്ച് -28ൽ, ഒരു പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടൻ തംകുഹി ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ എട്ടു തൊഴിലാളികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെ അതിഥി തൊഴിലാളികൾ യാത്ര ചെയ്യുന്നത് അനുവദിക്കരുതെന്ന് ശനിയാഴ്‌ച ഉത്തർപ്രദേശ് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു. കൂടാതെ, ഇവർക്കായി ബസുകൾ ഏർപ്പെടുത്തണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സ്വദേശത്തേക്ക് മടങ്ങാനായി അതിഥി തൊഴിലാളികൾ സഞ്ചരിച്ച ലോറി മറ്റൊരു ലോറിയിൽ കൂട്ടിയിടിച്ച് 26 യാത്രക്കാർ മരിച്ചതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രി അധികൃതർക്ക് കർശന നിർദേശം നൽകിയത്.