ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ ബജറ്റ് പ്രസംഗത്തിനായി കാത്തിരുന്നു. പ്രത്യാശയുടെ ബജറ്റെന്ന ആമുഖത്തോടെ നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനം തുടങ്ങി. രാജ്യ സ്നേഹത്തെ കുറിച്ചുള്ള കശ്‌മീരി കവിത ചൊല്ലി പാർലമെന്‍റിനെ കയ്യിലെടുത്തുകൊണ്ട് നിര്‍മല സീതാരാമന്‍ തന്‍റെ രണ്ടാമത്തെ ബജറ്റ് ലോക്ഭസയില്‍ അവതരിപ്പിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വലിയ പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചത് രാജ്യം പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ച് ലക്ഷം മുതല്‍ 7.5ലക്ഷം വരെ 10 ശതമാനം നികുതി എന്നത് ആശ്വാസകരമാണ്.
കർഷക വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും 16 ഇന കർമ പരിപാടിയുമാണ് കാർഷിക മേഖലയ്ക്ക് ആശ്വാസമാകുന്നത്. എല്ലാ ജില്ലകളിലും ജൻ ഔഷധി, ഇന്ദ്രധനുഷ് പദ്ധതിയുടെ വിപുലീകരണം എന്നിവ ആരോഗ്യമേഖലയിലെ ശ്രദ്ധേയ നിർദേശങ്ങളാണ്. അടിസ്ഥാന സൗകര്യമേഖലയില്‍ 100 ലക്ഷം കോടിയോടൊപ്പം 100 പുതിയ വിമാനത്താവളങ്ങളും ദേശീയ പാത വികസനത്തിനൊപ്പം അതിവേഗ പാതകളും പ്രഖ്യാപിച്ചു. വ്യവസായ മേഖലയ്ക്ക് 27000 കോടി പ്രഖ്യാപിച്ചപ്പോൾ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ 27300 കോടി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
അംഗന്‍വാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണുകൾ, പെണ്‍കുട്ടികളുടെ വിവാഹപ്രായം നിശ്ചയിക്കാന്‍ പ്രത്യേക ദൗത്യ സംഘം തുടങ്ങിയ വ്യത്യസ്‌ത പ്രഖ്യാപനങ്ങളും ബജറ്റിന്‍റെ ഭാഗമായി. റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ തേജസ് ട്രെയിനുകള്‍ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. പൊതു - സ്വകാര്യ പങ്കാളിത്തതോടെ 150 ട്രെയിനുകള്‍ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. എല്‍ഐസിയിലെ സർക്കാർ ഓഹരികൾ വില്‍ക്കുമെന്ന പ്രഖ്യാപനം ആശങ്കയോടെയാണ് കാണുന്നത്. ബാങ്ക് നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി വർധിപ്പിച്ചതാണ് ഈ രംഗത്തെ ആശ്വാസം.