ഷിംല: 106 വർഷം പഴക്കം ചെന്ന പൂർവ്വികരുടെ ജനന സർട്ടിഫിക്കറ്റ് തേടി ബ്രിട്ടീഷ് ദമ്പതികൾ ഹിമാചൽ പ്രദേശിലെ ഷിംലയിൽ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാർ വേനൽക്കാലം ചിലവിട്ടിരുന്നത് ഹിമാചൽ പ്രദേശിലെ ഷിംലയിലായിരുന്നു. 1914ൽ ഇന്ത്യയിൽ ജനിച്ച അമ്മയുടെ ജനന സർട്ടിഫിക്കറ്റ് തേടിയാണ് ഇംഗ്ലണ്ടിലെ സതാംപ്ടൺ സ്വദേശിയായ ജെലിയൻ ഭർത്താവിനൊപ്പം ഷിംലയിലെത്തിയത്. ജെലിയന്‍റെ മാതൃപിതാവ് ക്യാപ്റ്റനായിരുന്നു. കൂടാതെ അദ്ദേഹത്തിന് ഷിംലയിൽ ഒരു വീടും ഉണ്ടായിരുന്നു. അമ്മയും മുത്തച്ഛനും വളരെക്കാലം ഷിംലയിൽ താമസിച്ചിരുന്നുവെന്ന് ജെലിയൻ പറഞ്ഞു. ജനന സർട്ടിഫിക്കറ്റിനായി ജെലിയൻ മുനിസിപ്പൽ കോർപ്പറേഷനെ സമീപിക്കുകയും കോർപ്പറേഷൻ മുൻകൈയ്യെടുത്ത് ജനന സർട്ടിഫിക്കേറ്റ് നൽകുകയും ചെയ്‌തു.
റെക്കോർഡ് അനുസരിച്ച്, 1914 സെപ്റ്റംബർ 22നാണ് ജെലിയന്‍റെ അമ്മ ഷിംലയിൽ ജനിച്ചത്. അമ്മയുടെ ഈ ജനന സർട്ടിഫിക്കറ്റ് ഫ്രെയിം ചെയ്ത് ഒരു ഓർമ്മയായി സൂക്ഷിക്കുമെന്ന് ജെലിയൻ പറഞ്ഞു. എല്ലാ വർഷവും ഇംഗ്ലണ്ടിൽ നിന്ന് ആളുകൾ അവരുടെ കുടുംബങ്ങളുടെ ജനന മരണ സർട്ടിഫിക്കറ്റുകൾ ശേഖരിക്കുന്നതിനായി ഷിംലയിൽ എത്തുമെന്ന് മുനിസിപ്പൽ കോർപ്പറേഷൻ ജോയിന്‍റ് കമ്മീഷണർ അജിത് ഭരദ്വാജ് പറഞ്ഞു. 1870 മുതൽ ഇന്നുവരെയുള്ള ആളുകളുടെ റെക്കോർഡ് ഷിംല മുനിസിപ്പൽ കോർപ്പറേഷനിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.